Kerala
അടൂർ: നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് മുന്നിൽ പോയ പോലീസ് ജീപ്പിലിടിച്ചുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് പരിക്ക്. പത്തനംതിട്ട അടൂരിൽവച്ചുണ്ടായ സംഭവത്തിൽ പരിക്കേറ്റ മൂന്നു പോലീസുകാരെയും രണ്ട് പ്രതികളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബസ് ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട പോലീസ് ജീപ്പ് തൊട്ടു മുന്നിലുണ്ടായിരുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലിടിച്ചു.അപകടത്തിൽ കോയിപ്രം പോലീസ് സ്റ്റേഷനിലെ എഎസ്ഐ ഷിബുരാജിന്റെ കൈ ഒടിഞ്ഞു. ഒപ്പമുണ്ടായിരുന്ന രണ്ട് പോലീസുകാർക്കും രണ്ട് പ്രതികൾക്കും പരിക്കേറ്റു.
പ്രതികളുമായി കൊട്ടാരക്കര ജയിലിലേക്ക് പോവുമ്പോഴാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ എഎസ്ഐയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസുകാരായ മുഹമ്മദ് റസാഖ്, സുജിത് എന്നിവരും രണ്ട് പ്രതികളും അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
അപകടം ഉണ്ടാക്കിയ ബസ് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തെ തുടർന്ന് എംസി റോഡിൽ വൻ ഗതാഗത കുരുക്കുണ്ടായി. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Kerala
തിരുവനന്തപുരം: കെഎസ്ആര്ടിസി ബസും ക്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്ക്. നെടുമങ്ങാട് ഏണിക്കരയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ ക്രെയിൻ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുവനന്തപുരത്ത് നിന്ന് വിതുരയിലേക്ക് പോയ കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. ക്രെയിനിന്റെ നീളമുള്ള മുൻവശത്തെ ഭാഗം കെഎസ്ആർടിസി ബസിന്റെ ഗ്ലാസിൽ തട്ടുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട് ക്രെയിൻ മറിയുകയായിരുന്നു.
അപകടത്തെത്തുടർന്ന് റോഡിൽ ഗതാഗത തടസമുണ്ടായി. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Kerala
തിരുവനന്തപുരം: ഗൂഗിൾ പേ വഴി പണം നൽകുന്നത് പരാജയപ്പെട്ടതിനെ തുടർന്ന് കെഎസ്ആർടിസി ബസിൽ നിന്നും രോഗിയായ യുവതിയെ നടുറോട്ടിൽ ഇറക്കി വിട്ടുവെന്ന് പരാതി. തിരുവനന്തപുരം വെള്ളറടയിലാണ് സംഭവം.
വെള്ളറട സ്വദേശി ദിവ്യ കെഎസ്ആർടിസി ഉദ്യോഗസ്ഥർക്ക് പരാതി നൽകി. ആശുപത്രിയിൽ പോയി വരവേ ഗൂഗിൾ പേ വഴി പണം നൽകാൻ ശ്രമിച്ചങ്കിലും പരാജയപ്പെട്ടു.
ഡിപ്പോയിൽ കാത്തുനിൽക്കുന്ന ഭർത്താവ് പണം നൽകുമെന്ന് അറിയിച്ചെങ്കിലും കേട്ടില്ല. രാത്രി ഒൻപതോടെ കണ്ടക്ടർ നടുറോട്ടിൽ ഇറക്കിവിടുകയായിരുന്നുവെന്നും ദിവ്യ പരാതിയിൽ പറയുന്നു.
സുഖമില്ലാത്ത തന്നെ ഭർത്താവ് എത്തിയാണ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയതെന്നും വെറും പതിനെട്ട് രൂപയ്ക്ക് വേണ്ടിയാണ് കെഎസ്ആർടിസി ജീവനക്കാർ തന്നെ ഇറക്കിവിട്ടതെന്നും യുവതി പരാതിയിൽ പറയുന്നു.
Kerala
തിരുവനന്തപുരം: ആശുപത്രിയിലേക്ക് പോകുന്നതിനിടെ കെഎസ്ആർടിസി ബസിനുള്ളിൽ കുഴഞ്ഞുവീണ യുവതിക്ക് രക്ഷകരായി കണ്ടക്ടറും ഡ്രൈവറും. കുളത്തൂപ്പുഴയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ ബസിൽ കയറിയ പിരപ്പൻകോട് സ്വദേശിനി അനന്തലക്ഷ്മിയാണ് (23) കുഴഞ്ഞുവീണത്.
യുവതിയും അമ്മയും തുടർചികിത്സയ്ക്കായി ആയുർവേദ കോളജിലേക്ക് പോകുകയായിരുന്നു. മണ്ണന്തല ഭാഗത്തുവച്ച് കുഴഞ്ഞുവീണ യുവതിയെ കണ്ടക്ടർ ഫൈസലും ഡ്രൈവർ മുകുന്ദനുണ്ണിയും ചേർന്ന് ആശുപത്രിയിലെത്തിച്ചു.
മറ്റു വാഹനങ്ങളോ ആംബുലൻസ് സൗകര്യമോ ലഭ്യമല്ലാത്തതിനാൽ യാത്രക്കാരെ സമീപത്തുള്ള ബസ് സ്റ്റോപ്പിൽ ഇറക്കിവിട്ടശേഷം യുവതിയെ ബസിൽത്തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പ്രാഥമിക ചികിത്സയ്ക്കുശേഷം യുവതി ആശുപത്രി വിട്ടതായി അധികൃതർ അറിയിച്ചു.